facebook pixel
chevron_right Politics
transparent
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം അറിയാൻ കേരള നിയമസഭാ സമിതി കണ്ണൂരിൽ
കേരള നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി 24ന് രാവിലെ 10ന് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. യോഗാനന്തരം സമിതി കണ്ണൂര്‍ മാപ്പിള ബേ, അഴീക്കല്‍ തുറമുഖം, തലായ് ഫിഷിംഗ് ഹാര്‍ബര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പൊതുവായതും വ്യക്തിഗതവുമായ പരാതികള്‍ സമിതിക്ക് നേരിട്ട് നല്‍കാം.
നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി 23ന് മലപ്പുറത്ത്
കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി 23ന് 10.30ന് മലപ്പുറം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചതും സമിതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഹര്‍ജികളില്‍ ജില്ലാതല ഉദ്യേഗസ്ഥരില്‍ നിന്ന് തെളിവെടുക്കും. സര്‍ക്കാര്‍ സര്‍വ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമൂദായിക പ്രാതിനിധ്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ നേരിടുന്ന വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും പിന്നാക്ക സമുദായത്തില്‍പ്പെട്ട വ്യക്തികളില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും ഹര്‍ജികള്‍/നിവേദനങ്ങള്‍ സ്വീകരിക്കും.ഹര്‍ജികളും നിവേദനങ്ങളും നല്‍കാനുളളവര്‍ നിവേദനങ്ങള്‍ ഒപ്പിട്ട് സമിതി ചെയര്‍മാനെ അഭിസംബോധന ചെയ്ത് നല്‍കണം.
ഓണ്‍ലൈന്‍ അംഗത്വ വിതരണം 'ശക്തി'പ്പെടുത്തി കോൺഗ്രസ്
'ശക്തി'യെന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ അംഗത്വ വിതരണത്തിലൂടെ പ്രവർത്തനം ഊർജിതമാക്കി കോൺഗ്രസ്. കേരളത്തില്‍ ഈ ഈ മാസം 22 ന് തുടക്കമാവും. ഓൺലൈൻ അംഗത്വത്തിലൂടെ ബിജെപിക്ക് ലഭിച്ച സ്വീകാര്യതയിൽ ഇതുപയോഗിച്ചു പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പൊതു തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പരമാവധി അംഗങ്ങളെ ശക്തിയിലൂടെ പാര്‍ട്ടിയുടെ ഭാഗമാക്കുകയാണ് ലക്‌ഷ്യം. നിലവില്‍ രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ അംഗത്വ വിതരണം തുടങ്ങിയിട്ടുണ്ട്. കേരളം ഉള്‍പ്പടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പദ്ധതി ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. ഡാറ്റാ അനാലിറ്റിക്‌സ് വിഭാഗം ദേശീയ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി, കോ -ഓര്‍ഡിനേറ്റര്‍മാരായ സ്വപ്ന പട്രോണിക്‌സ്, ഗോകുല്‍ ബുട്ടെയ്ല്‍, ശശാങ്ക് ശുക്ല, ശാശ്വത് ഗൗതം എന്നിവരടങ്ങുന്ന സമിതിക്കാണ് മേല്‍നോട്ട ചുമതല. കഴിഞ്ഞ മേയില്‍ രാജസ്ഥാനിലായിരുന്നു 'ശക്തി' ക്ക് തുടക്കമായത്.
ബിജെപിയെ തോൽപ്പിക്കുക മുഖ്യലക്ഷ്യം; കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമില്ല: യച്ചൂരി
കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാൻ കഴിയില്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഹൈദരാബാദ് പാർട്ടി കോൺഗ്രസ് തീരുമാനമനുസരിച്ച് കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാൻ കഴിയില്ല. ദേശീയതലത്തിൽ ബിജെപിക്കെതിരെ വിശാലസഖ്യം സാധ്യമല്ലന്നും യച്ചൂരി അഭിപ്രായപ്പെട്ടു. അതേസമയം, ബിജെപിയെ തോൽപ്പിക്കുകയാണു മുഖ്യലക്ഷ്യം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും പാർട്ടി മത്സരിക്കാത്ത സീറ്റുകളിൽ ബിജെപിയെ തോൽപ്പിക്കാൻ വോട്ടുചെയ്യും. തെലങ്കാനയിൽ ബഹുജന ഇടതു മുന്നണിയുടെ ഭാഗമാകുമെന്നും യച്ചൂരി പറഞ്ഞു.
ബിഡിജെഎസിന്റെ ഭാരവാഹികൾ രാജിവെച്ച് സിപിഎമ്മിലേക്ക്
ബിഡിജെഎസിന്റെ ആലപ്പുഴ ജില്ലയിലെ ഏഴ‌ു ഭാരവാഹികൾ രാജിവച്ച് സിപിഎമ്മിൽ ചേരുന്നു. ബിഡിജെഎസ‌് ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ബൈജു, കുട്ടനാട് മണ്ഡലം ട്രഷറർ വരുൺ ടി.രാജ്, വൈസ‌് പ്രസിഡന്റ് ഉത്തമൻ, രാമങ്കരി പഞ്ചായത്ത് സെക്രട്ടറി വിപിൻ ലാൽ, മണ്ഡലം വൈസ‌് പ്രസിഡന്റ് അനിൽകുമാർ, അനീഷ് ടി.ആർ, ചമ്പക്കുളം പഞ്ചായത്ത് കമ്മിറ്റി അംഗം സനീഷ് എന്നിവരാണു ബിഡിജെഎസ് വിട്ടത്. സ്ഥാനമാനങ്ങൾക്കുവേണ്ടി പാദസേവ ചെയ്യുന്നവരുടെയും കുഴലൂത്തു നടത്തുന്നവരുടെയും അധഃപതിച്ച ആൾക്കൂട്ടമായി ബിഡിജെഎസ് മാറിയെന്ന് രാജിവെച്ചവർ പറഞ്ഞു. അധികാരത്തോടുള്ള ആർത്തിയും സ്വന്തം കാര്യലാഭവും മാത്രമാണു ബിഡിജെഎസ് നേതാക്കന്മാരെ ഭരിക്കുന്നത്. സാമൂഹ്യനീതി ഉറപ്പു വരുത്താനും പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതം സംരക്ഷിക്കാനും കഴിയുന്ന പ്രസ്ഥാനമാകും എന്നു കരുതിയാണു ബിഡിജെഎസിൽ ചേർന്നത്. എന്നാൽ അണികളെ പറഞ്ഞു പറ്റിക്കുകയാണെന്ന് രാജിവെച്ചവർ പറഞ്ഞു.
കെപിസിസി പ്രസിഡന്‍റായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തതില്‍ കെ. സുധാകരന് അതൃപ്‌തി
പുതിയ കെപിസിസി പ്രസിഡന്‍റായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തതില്‍ കെ. സുധാകരന്‍ പരോക്ഷമായി അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ട്. കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പറ‍ഞ്ഞു കേട്ട പേരുകളില്‍ പ്രധാനപ്പെട്ട് ഒരു പേര് കെ.സുധാകരന്‍റെതായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവെന്ന പ്രതിച്ഛായയും സുധാകരനുണ്ടായിരുന്നു. എന്നാൽ എ, ഐ നേതൃത്വങ്ങൾക്ക് പൊതുവിൽ സ്വീകാര്യനായ മുല്ലപ്പള്ളിയെ തെരഞ്ഞെടുക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനായി രാഹുൽ ഗാന്ധി തീരുമാനിച്ചത്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കണമെന്ന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിര്‍ദ്ദേശത്തിന് രാഹുൽ ചെവി കൊടുക്കുകയായിരുന്നു. എം.ഐ ഷാനാവാസ് , കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് , എന്നിവരെ വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരായും കെ.മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായുമാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയാണ് നിയമിച്ചത്. ബെന്നി ബെഹ്നാനെ യു.ഡി.എഫ് കണ്‍വീനറാക്കാനും ധാരണയുണ്ട്.
രാജ്യം മുഴുവൻ മഹിളകളെ ഉദ്ധരിക്കാൻ നടക്കുന്ന ബൃന്ദാ കാരാട്ട് ഈ കാപട്യം കാണിക്കാൻ പാടില്ലായിരുന്നു: കെ സുരേന്ദ്രന്‍
പി കെ ശശി എം എല്‍ എയ്ക്കെതിരായ പരാതിയില്‍ സിപിഎം സ്വീകരിച്ച മെല്ലെപോക്കിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്‍. രാജ്യം മുഴുവൻ മഹിളകളെ ഉദ്ധരിക്കാൻ നടക്കുന്ന ബൃന്ദാ കാരാട്ട് ഈ കാപട്യം കാണിക്കാൻ പാടില്ലായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്വന്തം ഭർത്താവിന്റെ ഗ്രൂപ്പുകാരായ സി. എം കേരളസംസ്ഥാന നേതൃത്വത്തിന് തലവേദനയുണ്ടാവാതിരിക്കാൻ വേണ്ടി മാത്രമാണ്‌ ബൃന്ദാ കാരാട്ട് ഈ പരാതി മൂടിവെച്ചതെന്നും അദ്ദേഹം ആരോപിച്ചു. ആഗസ്റ്റ് 14 നു കിട്ടിയ പരാതി എന്തു ചെയ്തു എന്നാണ് താങ്കളിപ്പോൾ പറയുന്നത്? രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എല്ലാമറിയുന്ന താങ്കൾ ഇതായിരുന്നോ ചെയ്യേണ്ടിയിരുന്നത്, എന്തുകൊണ്ട് ആ പരാതിയിൽ ഇത്രയും ദിവസം അടയിരുന്നു? എന്തുകൊണ്ട് ആ പരാതി പൊലീസിനു കൈമാറിയില്ല? പരാതിക്കാരി സ്വന്തം പാർട്ടിക്കാരിയാണെന്ന ബോധ്യം പോലും താങ്കൾക്കുണ്ടായില്ലല്ലോ ?- അദ്ദേഹം ചോദിച്ചു.
സിപിഎം നേതൃത്വത്തിൻറെ ഇഷ്ടക്കാർക്ക് മുന്നിൽ നിയമം നിഷ്ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്; വി എം സുധീരന്‍
അതിസമ്പന്നർക്കും സ്വാധീനശക്തിയുള്ളവർക്കും സിപിഎം നേതൃത്വത്തിൻറെ ഇഷ്ടക്കാർക്കും മുന്നിൽ നിയമം നിഷ്ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് കോണ്‍ഗ്രസ്‌ നേതാവ് വിഎം സുധീരന്‍. സി.പി.എം നേതാവ് കൂടിയായ എം.എൽ.എ പി.കെ.ശശിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമപരമായി നടപടി സ്വീകരിക്കേണ്ട പോലീസിനെ ഭരണനേതൃത്വം തികച്ചും നിർവീര്യമാക്കിയിരിക്കുകയാണ്. ഗണേഷ് കുമാറിൻ്റെ കാര്യത്തിലെന്നപോലെ പരാതിക്കാരുമായി ഒത്തുതീർപ്പിന് കളമൊരുക്കുന്ന പരിഹാസ്യമായ സമീപനമാണ് ഇതിലും സി.പി.എം നേതൃത്വം അനുവർത്തിക്കുന്നതെന്ന് സുധീരന്‍ വിമര്‍ശിച്ചു. സ്ത്രീസമൂഹത്തിൻറെ സുരക്ഷ ഉറപ്പുവരുത്തേണ്ട സംസ്ഥാന വനിതാ കമ്മീഷൻ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് ഏറെ വിചിത്രമാണ്. ഗുരുതരമായ ആരോപണവിധേയവരായവർക്ക് രക്ഷാകവചമൊരുക്കുകയും നിർദോഷികളും നിഷ്കളങ്കരുമായ ജനങ്ങളുടെ നേരെ അതിക്രമം നടത്തുന്നതിന് പോലീസിനെ അഴിച്ചുവിടുകയും ചെയ്യുന്ന ഇടതുമുന്നണി ഭരണശൈലി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സർവ്വനിയമങ്ങളെയും കാറ്റിൽ പറത്തി പി വി അൻവർ എം.എൽ.എ സ്വൈരവിഹാരം നടത്തുന്നത് സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മുന്നിൽ നിയമം നിർജ്ജീവമാകുന്നു എന്നത് വ്യക്തമാക്കുന്നുണ്ട്.
നാട് നശിച്ചാലും തങ്ങളുടെ മാഫിയാ പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കുന്ന നേതാക്കളുടെ നിയമസഭാ 'പ്രകടനം' ജനങ്ങളോടുള്ള വെല്ലുവിളി: വി എം സുധീരന്‍
സംസ്ഥാനത്തെ പ്രളയക്കെടുതി ചർച്ച ചെയ്യാന്‍ വിളിച്ച നിയമസഭാ സമ്മേളനത്തില്‍ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾ പ്രകടിപ്പിച്ച പി.വി. അൻവർ, തോമസ് ചാണ്ടി, എസ്. രാജേന്ദ്രൻ എന്നീ എം.എൽ.എമാർ ജനതാൽപര്യത്തേക്കാളുപരി മാഫിയാ താൽപര്യങ്ങളുടെ വക്താക്കളെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ്‌ നേതാവ് വി എം സുധീരന്‍. നമ്മുടെ നാട്ടിലുണ്ടായ മഹാദുരന്തത്തിന്‍റെ കെടുതികൾ ചർച്ച ചെയ്ത് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള രൂപരേഖയ്ക്ക് അടിസ്ഥാനമിടുന്നതിന് കഴിഞ്ഞ 30 ന് നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടിയത് ഉചിതമായ നടപടിയാണെന്നതിൽ സംശയമില്ല. എന്നാൽ ഈ നിയമസഭാ സമ്മേളനത്തിൻ്റെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച് തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾ പ്രകടിപ്പിച്ച ഇക്കൂട്ടര്‍ ജനതാൽപര്യത്തേക്കാളുപരി മാഫിയാ താൽപര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
ദുരിതാശ്വാസ നിധിയിൽ ഇത്രയും പണം ഉണ്ടായിട്ടും പാവങ്ങൾക്ക് നല്‍കാന്‍ എന്തുകൊണ്ടാണിത്ര വൈകുന്നതെന്ന് കെ സുരേന്ദ്രന്‍
ദുരിതാശ്വാസ നിധിയിൽ ഇത്രയും പണം ഉണ്ടായിട്ടും പാവങ്ങൾക്ക് നല്‍കാന്‍ എന്തുകൊണ്ടാണിത്ര വൈകുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പതിനായിരം രൂപ കിട്ടാൻ ഇനിയും എത്രദിവസം പാവങ്ങൾ കാത്തിരിക്കണമെന്നും അദ്ദേഹം ചോദിച്ചു. പതിനായിരം രൂപ എന്നുപറയുന്നത് SDRF ഉം CMDRF ഉം ചേർന്നാണ് നൽകുന്നത്. SDRF ന് 75 ശതമാനം തുകയും കേന്ദ്രമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ദുരിതാശ്വാസ നിധിയിൽ ഇത്രയും പണം ഉണ്ടായിട്ടും എന്തുകൊണ്ടാണിത് വൈകുന്നത്? മുഖ്യമന്ത്രി അമേരിക്കയിലേക്കും മന്ത്രിമാരെല്ലാവരും പണം പിരിക്കാൻ വിദേശത്തേക്കും പോവുകയാണെന്നു കേട്ടു. ദുരന്തബാധിതർ വീട്ടിലേക്ക് ചെന്നു കയറുമ്പോൾ കിട്ടേണ്ട സഹായമായിട്ടാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. കേന്ദ്രം അനുവദിച്ച പണമൊക്കെ വേഗത്തിൽ തന്നെ കേരളത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എവിടെയോ എങ്ങനെയോ മെല്ലെപ്പോക്ക്‌ തുടങ്ങിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ നടക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ; ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ: കെ സുരേന്ദ്രന്‍
പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വിലയുണ്ടെങ്കിൽ ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ തന്ന ആയിരിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പിന്നെ തോമസ് ഐസക്കിനും കോടിയേരിക്കുമെതിരേയും. ഈ ഇല്ലാത്ത കാര്യം ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രളയത്തെ തുടർന്ന് ജനങ്ങളിൽ ഉയർന്നു വന്ന അസാധാരണമായ ഐക്യബോധം തകർക്കാനാണ് ഒരു വിഭാഗം തീവ്രവാദികൾ ഇതുവഴി ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ വാളിൽക്കയറി തീവ്രവാദികൾ അങ്ങേയറ്റം വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചു. അതിനെല്ലാം കാരണമായതാവട്ടെ ഊരും പേരുമില്ലാത്ത മുഖ്യമന്ത്രിയുടെ ഒരു പ്രഖ്യാപനവും. ആരുപറഞ്ഞിട്ടാണ് മുഖ്യമന്ത്രി ഇതു പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ആർത്തിപ്പണ്ടാരമായ തോമസ് ഐസക് ആവട്ടെ മോദിയെ പട്ടിയോടുപമിച്ച് ട്വീറ്റുക വരെ ചെയ്തു. കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്.
ഒരു കിറ്റ് മരുന്ന് പോലും എത്തിക്കാനുള്ള സൗകര്യം ആരോഗ്യമന്ത്രി ഒരുക്കിയിട്ടില്ലെന്ന് വി.ഡി സതീശന്‍
ആരോഗ്യവകുപ്പിനും മന്ത്രി കെ.കെ.ശൈലജയ്ക്കുമെതിരെ പറവൂര്‍ എം.എല്‍.എ വി.ഡി സതീശന്‍ രംഗത്ത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ മന്ത്രി തയ്യാറായില്ലെന്നും ഒരു കിറ്റ് മരുന്ന് പോലും എത്തിക്കാനുള്ള സൗകര്യം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളായി മന്ത്രിയെ പലതവണ വിളിച്ചു. കിട്ടാത്തതിനാല്‍ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറെ വിളിച്ചപ്പോള്‍ എല്ലാം തയ്യാറാണെന്ന മറുപടിയാണ് ലഭിച്ചത്. എന്നിട്ടും പറവൂരിലേക്ക് ഒന്നും എത്തിയില്ല. ഒടുവില്‍ ഞായറാഴ്ച രാവിലെ എല്ലാ നിയന്ത്രണങ്ങളും വിട്ട് മന്ത്രിയോട് സംസാരിക്കേണ്ടി വന്നു. പിന്നീട് ജനറല്‍ ആശുപത്രിയില്‍നിന്ന് ഒരു ഡോക്ടര്‍ വിളിക്കുകയും പത്ത് മെഡിക്കല്‍ ടീമിനെ ഇങ്ങോട്ട് അയക്കാമെന്നു പറയുകയും ചെയ്യുകയായിരുന്നു വി.ഡി സതീശന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ് ശ്രീധരൻ പിള്ള ഇന്ന് ചുമതലയേൽക്കും
രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ ഓഫിസിലെത്തിയാണ് അദ്ദേഹം ചുമതലയേൽക്കുക. ഒൻപതരക്ക് തിരുവനന്തപുരത്ത് എത്തുന്ന ശ്രീധരൻ പിള്ളയെ ബിജെപി പ്രവർത്തകർ സ്വീകരിക്കും. കുമ്മനം രാജശേഖരന്‍റെ പിൻഗാമിയായാണ് പി.എസ്. ശ്രീധരൻ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷനാവുന്നത്. കേരളത്തിൽ എത്തി ചർച്ചകൾ നടത്തിയ കേന്ദ്ര നേതാക്കൾ പി എസ് ശ്രീധരൻ പിള്ള ഉൾപ്പടെ നാല് പേരുടെ അന്തിമ പട്ടിക അമിത് ഷായ്ക്ക് കൈമാറുകയായിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ശ്രീധരൻ പിള്ള മത്സരിച്ചിരുന്നെങ്കിലും തോൽവി ഏറ്റുവാങ്ങിയിരുന്നു.
വിഴിഞ്ഞം പദ്ധതി ഇടത്തേക്ക് ചാഞ്ഞപ്പോള്‍
വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ഒപ്പിടുന്നതിന് മുമ്പു തന്നെ വിവാദങ്ങളും ആരംഭിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരാര്‍ ഒപ്പിട്ടതിന് ശേഷവും പിന്നീടുണ്ടായ ചര്‍ച്ചകളിലും ഒക്കെ വിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. തുടക്കം മുതല്‍ തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കം കുറിച്ച വിഴിഞ്ഞം പദ്ധതിയെ അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് ശക്തമായി എതിര്‍ക്കുകയും ചെയ്തു. എല്ലാ ചര്‍ച്ചകളിലും തെരഞ്ഞെടുപ്പില്‍ പോലും അദാനിക്ക് വിറ്റ വിഴിഞ്ഞം കരാര്‍ എന്ന രീതിയിലായിരുന്നു കാര്യങ്ങള്‍. എന്തിന് തെരഞ്ഞെടുപ്പ് പത്രികയില്‍ വിഴിഞ്ഞം കരാറില്‍ മാറ്റം കൊണ്ടുവരും എന്ന് തന്നെ എല്‍ഡിഎഫ് പറഞ്ഞു. പക്ഷേ, സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. കരാര്‍ അതുപോലെ തന്നെ നിലനിര്‍ത്തിക്കൊണ്ടുപോവാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചത്.
കേരളാ കോൺഗ്രസ് ബി ഇന്ന് കേരളാ കോൺഗ്രസ് സ്‌കറിയാ വിഭാഗത്തിൽ ലയിക്കും
രാവിലെ 10 മണിക്കാണ് ലയന പ്രഖ്യാപനം. ഇടത് മുന്നണിയിൽ എത്തുന്നതിന് വേണ്ടിയാണ് ആർ ബാലകൃഷ്ണ പിള്ളയുടെ പാർട്ടി സ്‌കറിയാ വിഭാഗവുമായി ലയിക്കുന്നത്. സിപിഎമ്മിന്റെയും സിപിഐയുടേയും സമ്മതത്തോടെയാണ് നീക്കം. ‌ലയനത്തോടെ ഒരു എംഎല്‍എ ഉള്ള പാർട്ടിയായി മാറുമെങ്കിലും തത്കാലം മന്ത്രി സ്ഥാനം ചോദിക്കുന്നില്ല എന്നാണ് ഇരു നേതാക്കളും പറയുന്നത്. ജനാധിപത്യ കേരളാ കോൺഗ്രസ്, ലോക് താന്ത്രിക് ജനതാദൾ, ഐഎന്‍എല്‍ എന്നീ പാർട്ടികളും താമസിയാതെ ഇടതുമുന്നണിയുടെ ഭാഗമാകും എന്നാണ് സൂചന. വ്യാഴാഴ്‌ച ചേരുന്ന ഇടതുമുന്നണി യോഗം മുന്നണി വിപുലീകരണ ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമിടും.
സി പി ഐ എം രാമായണ മാസം ആചരിക്കുന്നുവെന്ന പ്രചരണം പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് പി രാജീവ്
സി പി ഐ എം രാമായണ മാസം ആചരിക്കുന്നുവെന്ന രീതിയിൽ ചിലർ നടത്തുന്ന പ്രചരണം പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ്. ഇക്കാര്യം പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. രാമായണത്തെ വർഗ്ഗീയ ആവശ്യങ്ങൾക്കായി ദുരുപയോഗപ്പെടുത്താനുള്ള സംഘപരിവാര ശ്രമങ്ങളെ തുറന്നു കാണിക്കുന്ന കാമ്പയിൻ സംസ്കൃത പണ്ഡിതരും അധ്യാപകരും ചേർന്നു രൂപീകരിച്ച സംസ്കൃത സംഘം നടത്തുന്ന കാര്യം അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതൊരു സി പി ഐ എം സംഘടനയേയല്ല. എന്നാൽ സംസ്കൃത ഭാഷയെയും ഇന്ത്യൻ സംസ്കൃതിയെയും വർഗ്ഗീയ ആവശ്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നതിനെതിരെ നിലപാട് ശക്തമായി സ്വീകരിക്കുന്ന സംഘടനയാണ്. കർക്കിടകത്തിൽ മാത്രം നടത്തുന്നതല്ല ഇവരുടെ കാമ്പയിനെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: കോടിയേരി
സിപിഐ എം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയില്‍ വിവിധ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍ എസ്‌ എസ്‌ സംഘപരിവാരം വര്‍ഗീയ പ്രചരണത്തിനും രാഷ്ട്രീയലാഭത്തിനും വേണ്ടി ദുര്‍വിനിയോഗം ചെയ്‌തു വരികയാണ്‌. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച്‌ നടത്തുന്ന ഇത്തരം തെറ്റായ നീക്കങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനായി സംസ്‌കൃത പണ്ഡിതരും, അധ്യാപകരുമൊക്കെ ചേർന്ന് രൂപം നല്‍കിയിട്ടുള്ള സംസ്‌കൃതസംഘം എന്ന സംഘടന വിവിധങ്ങളായ പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്‌. ഈ സംഘടന സിപിഎമ്മിന്റെ കീഴിലുള്ള സംഘടനയല്ല. ആ സംഘടന നടത്തുന്ന പ്രചരണ പരിപാടികള്‍ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണമല്ല എന്നാണ്‌ മനസ്സിലാക്കുന്നത്‌. അത്‌ കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്‌തുത ഇതായിരിക്കെ, ആ സംഘടനയുടെ പരിപാടിയെ സിപിഐ എം'നെതിരെയുള്ള ഒരു പ്രചരണമാക്കാനാണ്‌ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌.
അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ നിലപാട് തള്ളി കാനം രാജേന്ദ്രൻ
മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ പ്രസ്താവന തളളി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രസ്താവന അനവസരത്തിലുളളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെയും നിലപാട് വ്യത്യസ്തമാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. അഭിമന്യൂവിന്റെ കൊലപാതകത്തിന് പിന്നിലുളള തീവ്രവാദികള്‍ക്കെതിരെ ജനവികാരം ഉയരുന്ന പശ്ചാത്തലത്തില്‍ വ്യാകരണ പിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത്തരം പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നതാണെന്നും കാനം വിമര്‍ശിച്ചു. എസ്‌എഫ്‌ഐ അനുവദിക്കുന്നില്ലെന്ന് പി രാജു വിമര്‍ശിച്ചിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതെങ്കിലും സംഘടനയ്ക്ക് ശക്തിയുള്ള സ്ഥലത്ത് മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നത് ജനാധിപത്യവിരുദ്ധമാണെന്നും പി.രാജു പറഞ്ഞു. ഇതിന് പിന്നാലെയാണ് കാനത്തിന്റെ വിമര്‍ശനം.
യുഡിഎഫ് വിടേണ്ട സാഹചര്യമിള്ള; കോടിയേരിയുടെ ക്ഷണം അണികളെ തെറ്റിദ്ധരിപ്പിക്കാൻ: എ എ അസീസ്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മറുപടിയുമായി ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് അസീസ് പറഞ്ഞു. കോടിയേരിയുടെ ക്ഷണം അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ്. കോടിയേരിയുടേത് മൂന്നാംകിട തെരഞ്ഞെടുപ്പ് തന്ത്രമെന്നും അസീസ് ആരോപിച്ചു. ആർഎസ്‌പി എല്‍ഡിഎഫ് വിട്ടത് പാര്‍ലമെന്റ് സീറ്റിന്റെ പേരില്‍ അല്ല. മറിച്ച് ഇടത് മുന്നണിയിലെ തിക്താനുഭവങ്ങളാണ് മുന്നണി വിടാന്‍ കാരണമെന്നും എ.എ അസീസ് പറഞ്ഞു. ആര്‍എസ്പിയുടെ സീറ്റുകള്‍ ക്രമേണ എല്‍ഡിഎഫ് കവര്‍ന്നെടുക്കുകയായിരുന്നുവെന്നും അസീസ് ആരോപിച്ചു. കഴിഞ്ഞ ദിവസം, പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആർഎസ്പിയെ ഇടതുമുന്നണിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. യുഡിഎഫ് വിട്ടുവന്നാൽ ആർഎസ്പിയെ ഉൾക്കൊള്ളാൻ എൽഡിഎഫ് തയാറാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ഫലത്തെ തുടർന്നു കോൺഗ്രസ് മുന്നണി വിടണമെന്ന അഭിപ്രായം ആർഎസ്പിയിൽ ശക്തമാണ്.
അവഗണന: സികെ ജാനു എൻഡിഎ ബന്ധം ഉപേക്ഷിക്കുന്നു; കോൺഗ്രസ്സുമായി അടുക്കുന്നെന്ന് സൂചന
എന്‍.ഡി.എ അവഗണനയില്‍ പ്രതിഷേധിച്ച് സഖ്യം ഉപേക്ഷിക്കാനൊരുങ്ങി പ്രമുഖ ആദിവാസി നേതാവ് സികെ ജാനു. മറ്റ് മാര്‍ഗമില്ലെങ്കില്‍ എന്‍.ഡി.എ ബന്ധം അവസാനിപ്പിക്കേണ്ടി വരുമെന്ന് സി.കെ ജാനു പറഞ്ഞു. അതേസമയം, സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭ കോണ്‍ഗ്രസിനോട് അടുക്കുന്നതായാണ് വിവരം. എന്‍.ഡി.എയുടെ ഭാഗമായാല്‍ ദേശീയ പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനിലോ കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡ് കോര്‍പ്പറേഷനുകളിലോ ജാനുവിന് സ്ഥാനം നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം നൽകിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായിട്ടും വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. കേരളത്തില്‍ പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കണമെന്നും സി.കെ ജാനു ആവശ്യപ്പെട്ടിരുന്നു. ഇതിനോടും കേന്ദ്രം പുറം തിരിഞ്ഞ മട്ടാണ്. ഇതാണ് ജാനുവിനെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി.എയില്‍ ചേരാന്‍ ജെ.ആര്‍.എസ് ശ്രമം തുടങ്ങി. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി നേരിട്ടാണ് ചര്‍ച്ച.

Want to stay updated ?

x

Download our Android app and stay updated with the latest happenings!!!


90K+ people are using this